കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി ഇഡി

news image
Apr 1, 2024, 11:57 am GMT+0000 payyolionline.in

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, സൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് അറിയിച്ചു.

കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുക്കുകയാണ് ഇഡി. സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറി. കരുവന്നൂരില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ അക്കാര്യം പാലിച്ചിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ വിതരണം ചെയ്യാനും, കമ്മീഷന്‍ തുക നിക്ഷേപിക്കാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചു. പാര്‍ട്ടി ഫണ്ട്, ലെവി പിരിവ് സംബന്ധമായ കാര്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ നടത്തി. ഉന്നത സിപിഎം നേതാക്കള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തു. എന്നാല്‍ ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളില്‍ ഇല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ദുരൂഹ അക്കൗണ്ടുകള്‍ സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി മുഖം തിരിച്ചു.

 

തൃശൂര്‍ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിനുണ്ട്. എന്നാല്‍ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ജനപ്രാതിനിധ്യ നിയമവും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകളും അനുസരിച്ച് അക്കൗണ്ട് വിവരങ്ങളും കണക്കുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും, ധനമന്ത്രാലയത്തിന്‍റെയും, റിസര്‍വ് ബാങ്കിന്‍റെയും നിലപാട് കരുവന്നൂരിലെ ഇഡി അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe