കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവും മുൻ മന്ത്രിയുമായ മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

news image
Aug 22, 2023, 6:09 am GMT+0000 payyolionline.in

തൃശൂർ∙ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തുടരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീൻ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്പോഴാണു ഇഡി എത്തിയത്. മൊയ്തീനുമായി ബന്ധമുള്ളവർ ബാങ്കിൽ വായ്പാ ഇടപാടു നടത്തിയെന്നു നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന പൊലീസ് ഇക്കാര്യം പരിശോധിച്ചില്ല

കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്. രാവിലെ ഏഴു മണിയോടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ, ഇപ്പോഴും പരിശോധന തുടരുകയാണ്. 12 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുൻ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം. രണ്ടിടത്തും പരിശോധന തുടരുകയാണ്.

നേരത്തെ, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു.

ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്. പൊറത്തിശ്ശേരി, മാപ്രാണം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

അതേസമയം, തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു മൊയ്തീന്റെ പ്രതികരണം. പൊലീസ് അന്വേഷണം നടക്കുകയല്ലേ. 2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതാണ്. പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെയെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe