ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി.കെ. സുപ്രീംകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണക്കാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിക്കുന്നത്.
ദുരന്തത്തിൽപ്പെട്ട് മരിച്ച 41 പേരുടെയും കുടുംബങ്ങളെ ടി.വി.കെ അധ്യക്ഷൻ വിജയ് ഏറ്റെടുക്കുമെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി ആധവ് അർജുന പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ജീവിത ചെലവുകളെല്ലാം വിജയ് വഹിക്കും.
ദുരന്തത്തിൽ മരിച്ചവരെല്ലാം തങ്ങളുടെയും വിജയുടെയും കുടുംബാംഗങ്ങളാണെന്ന് അർജുൻ പറഞ്ഞു. വിജയ് വൈകിയാണ് അവിടെ എത്തിയത് എന്നത് ആരോപണമാണ്. കൃത്യസമയത്ത് എത്തിയിരുന്നുവെന്നും അധവ് പറഞ്ഞു.
ദുരന്തത്തിൽ ടി.വി.കെയെ പ്രതി സ്ഥാനത്ത് നിർത്താനാണ് ശ്രമം. സംഭവത്തിന് പിന്നാലെ, ഡി.എം.കെയുടെ നേതൃത്വത്തിൽ ടി.വി.കെക്കെതിരെ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അർജുൻ പറഞ്ഞു.
തിങ്കളാഴ്ചയാണ് കരൂർ ദുരന്തത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാൻ സുപ്രീംകോടതി തീരുമാനിച്ചത്. ടി.വി.കെ അധ്യക്ഷനും തമിഴ്നടനുമായ വിജയിയുടെ ഹരജി പരിഗണിച്ചായിരുന്നു കോടതി തീരുമാനം. കോടതി മേൽനോട്ടത്തിലാവും അന്വേഷണം നടക്കുക. അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാവും കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുക.
സമിതിയിൽ തമിഴ്നാട് കേഡറിൽ നിന്നുള്ള രണ്ട് ഐ.പി.എസ് ഓഫീസർമാരും ഉണ്ടാവും. സി.ബി.ഐ അന്വേഷണത്തിന് സമിതി മേൽനോട്ടം വഹിക്കും. ഓരോ മാസവും അന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമിതിക്ക് നൽകണം. അതേസമയം, കേസിൽ മദ്രാസ് ഹൈകോടാതിയുടെ നടപടികളെ കോടതി വിമർശിക്കുകയും അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
നേരത്തെ കരൂർ ദുരന്തം റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ടിവികെ സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്ന് ടി.വി.കെ വാദിച്ചു. അല്ലെങ്കിൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടി.വി.കെ കോടതിയിൽ പറഞ്ഞു.
പരിപാടിക്ക് പൊലീസ് അനുവദിച്ചത് ചെറിയ സ്ഥലം ആയിരുന്നു. 2024ൽ എ.ഐ.ഡി.എം.കെ ഈ സ്ഥലത്തിന് അനുമതി തേടിയപ്പോൾ പൊലീസ് സ്ഥലപരിമിതികൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിൽ പൊലീസ് ലാത്തി വീശിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും ടി.വി.കെ ആരോപിച്ചിരുന്നു.