കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന് അന്വേഷകസംഘം നടപടികളാരംഭിച്ചു. കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവദിവസം ഡൊമിനിക് മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ ലിസ്‌റ്റ് തയ്യാറാക്കുകയാണ് പൊലീസ്. തിരിച്ചറിയൽ പരേഡിന് കോടതി അംഗീകാരം ലഭിച്ചശേഷം ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. പരേഡിനുള്ള അപേക്ഷ ഉടൻ നൽകും. കൺവൻഷന് എത്തിയവരുടെ പേര്, വിലാസം എന്നിവ പൊലീസ് ശേഖരിച്ചു.
ഡൊമിനിക് മാർട്ടിന്റെ മൊഴികളും ലഭ്യമായ തെളിവുകളും പൊലീസ് പരിശോധിക്കുകയാണ്. പ്രതിയുടെ കോൾ ലിസ്‌റ്റ്, കൺവൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ, ഡൊമിനിക് മൊബൈലിൽ പകർത്തിയ സ്ഫോടനദൃശ്യങ്ങൾ എന്നിവയുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. പ്രതിയുടെ വിദേശബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നു. കഴിഞ്ഞദിവസം നടത്തിയ തെളിവെടുപ്പിൽ ബോംബുണ്ടാക്കാൻ ഉപയോഗിച്ച ഇലക്ട്രിക് വയർ, ബാറ്ററി എന്നിവയും പെട്രോൾ നിറച്ച കുപ്പികളും അപാർട്‌മെന്റിൽനിന്ന് ലഭിച്ചിരുന്നു.
സ്‌ഫോടനം നടന്ന കളമശേരി സാമ്ര കൺവൻഷൻ സെന്ററിലും എത്തിച്ച് തെളിവെടുക്കും. പഴുതുകൾ അടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എ അക്ബർ പറഞ്ഞു. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വൈകാതെ നൽകും.
ആശുപത്രികളിൽ 20 പേർ ചികിത്സയിലുണ്ട്. 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നുപേരുടെ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. നാലുപേർ വാർഡുകളിലുമുണ്ട്. മരിച്ച പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), മലയാറ്റൂർ കൊടവൻകുഴി വീട്ടിൽ ലിബ്‌ന (12) എന്നിവരുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.