പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി എറണാകുളത്ത് പിടിയില്‍. വിദ്വേഷ പ്രചാരണം നടത്തിയതിനും കലാപശ്രമത്തിനും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കോഴഞ്ചേരി സ്വദേശി റിവ തോലൂര്‍ ഫിലിപ്പിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. രാത്രിയോടെ പ്രതിയെ പത്തനംതിട്ടയില്‍ എത്തിക്കും. റിഫ തോലൂര്‍ ഫിലിപ്പ് എന്ന ഫേയ്സ്ബുക്ക് പ്രൊഫൈലിനെതിരായാണ് പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നത്.
കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയതിന് പിന്നില്‍ എസ്ഡിപിഐ എന്നരീതിയില്‍ ഫേയ്സ്ബുക്കില്‍ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിഫ ഫിലിപ്പിന്റെ വിദ്വേഷ പ്രചാരണത്തിനതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഫേയ്സ് ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് സഹിതം നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്ന്.
തുടര്‍ന്ന് കോഴഞ്ചേരി സ്വദേശിയായ അക്കൗണ്ട് ഉടമയോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയില്‍ എത്തിച്ചശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു