കൊച്ചി: ആ കുഞ്ഞുങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആലുവ കരുമാലൂരിലെ തടിക്കടവിലുള്ള അങ്കണവാടിയിൽ കയറിയ മൂർഖൻ പാമ്പിനെ ടീച്ചർ കാണുമ്പോൾ 8 കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങൾ ഉണ്ടാകുന്നത്. മൂന്നു ഭാഗവും പാടത്താൽ ചുറ്റപ്പെട്ടതാണ് അങ്കണവാടി.
8 കുട്ടികളും ടീച്ചറും ഹെൽപ്പറും ചേർന്ന് രാവിലെ ഈശ്വര പ്രാർഥനയ്ക്കു ശേഷമാണ് പതിവ് കാര്യങ്ങളിലേക്ക് കടന്നത്. ടീച്ചർ ആനി ജോർജ് നിലത്തു കിടന്ന കളിപ്പാട്ടങ്ങളൊക്കെ ഷെൽഫിൽ എടുത്തു വച്ച ശേഷം അവിടെ നിന്നുള്ളവ എടുത്ത് കുട്ടുകൾക്ക് കൊടുക്കുകയായിരുന്നു. ഇതിനിടെ ഷെൽഫിലേക്ക് ൈക നീട്ടിയ ടീച്ചർ അലറിക്കൊണ്ട് പുറത്തേക്ക് പായുകയായിരുന്നു. അവർ വേഗം തന്നെ 4 കുട്ടികളെ പുറത്തേക്ക് മാറ്റി. ശബ്ദം കേട്ട് ഒാടി വന്ന ഹെൽപ്പറും 4 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനിടെ, ഹെൽപ്പർക്ക് വീണ് പരുക്കേറ്റു. പിന്നീട് പുറത്തേക്കിറങ്ങി അധ്യാപിക സമീപത്തുള്ളവരെ വിളിച്ചു കൂട്ടി. അവര് പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പില്നിന്ന് ആളെത്തി പാമ്പിനെ പിടികൂടി. കൺമുന്നിൽ മൂർഖനെ കണ്ടതിന്റെ ഞെട്ടലിൽനിന്ന് ടീച്ചർ ഇതുവരെ മോചിതയായിട്ടില്ല. കുട്ടികൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. ഇക്കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും അങ്കണവാടിയുടെ ഒരു ജനലിന് കേടുപാടു സംഭവിച്ചിരുന്നു. ഇവിടെയുണ്ടായ ദ്വാരം ജീവനക്കാർ തുണി വച്ച് അടച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം. ഇതിലൂടെ മൂർഖൻ അകത്തേക്ക് കയറി എന്നാണ് അനുമാനം. സൂക്ഷ്മമായി പരിശോധന നടത്തുന്നതു വരെ അടുത്ത 3 ദിവസത്തേക്ക് അങ്കണവാടി പ്രവർത്തിക്കേണ്ടതില്ല എന്നാണ് പഞ്ചായത്തിന്റെ തീരുമാനം.