കാസർകോട്: കള്ളുഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് അമ്മാവനും മരുമകനും തമ്മിലുള്ള തർക്കം സിവിൽ കോടതിയിൽ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
വിമുക്തഭടനായ തനിക്കെതിരെ കള്ളപ്പരാതികൾ നൽകുന്നതിൽ നിന്നും ഭാര്യാപിതാവിനെ വിലക്കണമെന്ന ഹരജിയിലാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്. നീലേശ്വരം പൊലീസ് ഇൻസ്പെക്ടറിൽ നിന്നും കമീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി.
പരാതിക്കാരന്റെ ഭാര്യാപിതാവ് വർഷങ്ങളായി കള്ളു ഷാപ്പ് ബിസിനസ് നടത്തുകയാണെന്നും 2018ൽ നടന്ന എക്സൈസ് റെയ്ഡിനെ തുടർന്ന് ലൈസൻസ് നഷ്ടമാവുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്. മരുമകൻ അമ്മാവന്റെ പേരിലുള്ള കള്ളഷാപ്പ് ലേലം വിളിച്ചെങ്കിലും ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായി. മരുമകനെതിരെ അമ്മാവൻ പരാതികൾ അയക്കുന്നത് പതിവാണ്. വ്യാജ പരാതികളിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ പരാതിക്കാരന് നിർദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. അമ്മാവനും മരുമകനും തമ്മിലുള്ള തർക്കത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. നീലേശ്വരം പുത്തരിയടുക്കം സ്വദേശി വി.കെ ബിനു നൽകിയ പരാതിയിലാണ് നടപടി.