ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ഏറ്റുമുട്ടലിൽ എൽഇടി/ ടിആർഎഫിന്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെയാണ് കനത്ത പോരാട്ടത്തിലൂടെ സൈന്യം വധിച്ചത്. ഈ മൂന്ന് പേരും മേഖലയിലെ സമീപകാല ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇവരിൽ നിന്ന് എകെ സീരീസ് റൈഫിളുകൾ, വെടിമരുന്ന്, ഗ്രനേഡുകൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെടുത്തു.
രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മേഖലയിൽ പരിശോധന തുടരുന്നതായി സൈന്യം അറിയിച്ചു. കൂടുതൽ ഭീകരവാദികളെ കണ്ടെത്തുന്നതിനായി ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഭീകരത ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ അചഞ്ചലമായി തുടരുമെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.