‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട്: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച നടപടി സ്വാഗതാർഹം; സത്യം തെളിയട്ടെ എന്ന് ഷാഫി പറമ്പിൽ എം.പി.

news image
Jun 4, 2026, 3:46 am GMT+0000 payyolionline.in

വടകര: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ ‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. വടകരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും സി.പി.എം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് ഈ വ്യാജ സ്‌ക്രീൻഷോട്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പുതിയ അന്വേഷണം അത്യന്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ പാറക്കൽ അബ്ദുള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക നടപടിയുണ്ടായിരിക്കുന്നത്. സി.പി.എം കേന്ദ്രങ്ങൾ നടത്തിയ ഹീനമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉത്തരവാദിത്വം യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം നേരത്തെ തന്നെ പാളിയതാണെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. കോടതി നിർദ്ദേശപ്രകാരം നടന്ന അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലേക്ക് എത്തിച്ചേർന്നിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് അത് അട്ടിമറിക്കാനാണ് മുൻപ് ശ്രമം നടന്നത്.

“സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല” എന്ന ദുർബലമായ വാദമുയർത്തി കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നു. യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സി.പി.എം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. സൈബർ ലോകത്തെ ഏതൊരു പോസ്റ്റിന്റെയും ഉറവിടം കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായിരിക്കെ പോലീസ് കാണിച്ച നിസംഗത പ്രതികളെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ നെറികേട് മുൻപ് തന്നെ തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞ വടകരയിലെ പ്രബുദ്ധ ജനത അഭിനന്ദനം അർഹിക്കുന്നുവെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe