ലോക്സഭ തിരഞ്ഞെടുപ്പുകാലത്ത് വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്ക് നോട്ടീസ്. CPIM അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്കാണ് പുനരന്വേഷണത്തിന്റെ ഭാഗമായി SIT നോട്ടീസ് നൽകിയത്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാണ് നിർദേശം.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിനുള്ള നീക്കം. കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.
ഇടത് സൈബർ പോരാളികളായ പോരാളി ഷാജി അഡ്മിൻ വഹാബ്, അമ്പാടിമുക്ക് സഖാക്കൾ പേജിന്റെ അഡ്മിൻ മനീഷ്, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ്ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് എന്നിവർ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജിൽ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ് പേജിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്.
