വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കി എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു.വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോർട്ട് നൽകിത്. എന്നാൽ കേസിൽ റിബേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.അറസ്റ്റ് സാധ്യത മുന്നിൽ കണ്ടായിരുന്നു റിബേഷ് മുൻകൂർ ജാമ്യം തേടിയത് .കേസിൽ മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ എസ്ഐടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാക്കളായ ജിതിൻ
ഭാസ്കർ ഒന്നാം പ്രതിയും, അമൽ മൂന്നാം പ്രതിയുമാണ്.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണനെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്കർ കാഫിർ സ്ക്രീൻഷോട്ട് ആദ്യം അയച്ചത് റിബേഷിനാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നാലെ റിബേഷ് ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
