കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും അവര്‍ മേളയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അവര്‍ ഇല്ലെങ്കിലും ഒളിമ്പ്ക്സ് മാതൃകയില്‍ തന്നെ മേള നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കായിക അധ്യാപകര്‍ ഡ്യൂട്ടി നിര്‍വഹിക്കാതെ ഇരിക്കുകയാണ്. അവര്‍ക്ക് കായിക രംഗത്തോട് യാതൊരു സ്നേഹവും ഇല്ല. കുട്ടികളെ പോലും പരിഗണിക്കുന്നില്ല. തെറ്റായ കാര്യങ്ങളാണ് അവര്‍ സമൂഹത്തിന് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
സമര നോട്ടീസ് നല്‍കാതെയാണ് ബഹിഷ്കരണം. കായിക അധ്യാപകര്‍ ഇല്ലാത്തതിന്റെ യാതൊരു കുറവും കായിക മേളയില്‍ ഉണ്ടാകില്ല. സൂക്ഷമമായി നിരീക്ഷിച്ചാല്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതെല്ലാം പരിഹരിച്ചു പോകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന സ്കൂള്‍ കായിക മേള പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മത്സരങ്ങള്‍ക്ക് തടസം ഉണ്ടായില്ലെന്നും 28 വെകിട്ട് 4 മണിക്ക് സമാപന സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ മുഖ്യ അതിഥിയാവുമെന്നും മന്ത്രി പറഞ്ഞു.