കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; 14 പേർ അറസ്റ്റിൽ

news image
Jan 11, 2025, 2:14 pm GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റിൽ. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സിഡബ്ല്യുസിക്ക് മുൻപാകെ 18 കാരി നടത്തിയത്. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ എം എഫ് സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 5 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.

അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് കിട്ടിയത്. പ്രതികളിൽ പലരും നാട്ടിൽ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ആൺസുഹൃത്താണ് സൗഹൃദം നടിച്ച് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കം കൂടുതൽ പേർ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെൺകുട്ടിയെ പരിശീലകർ പോലും ദുരുപയോഗം ചെയ്തെന്നാണ് പൊലീസിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ദരിദ്രകുടുംബത്തിൽ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നു.

പെൺകുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നും കൂടുതൽ പ്രതികളെ തിരിച്ചറിയാനായി. എന്നാല്‍ അഞ്ച് വർഷക്കാലത്തിനിടയിൽ വീട്ടിലുള്ളവർ പോലും പെൺകുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല. മഹിളാ സമഖ്യ സൊസൈറ്റിക്ക് നൽകിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.

60ലധികം പേർക്കെതിരെ മൊഴിയുണ്ടെങ്കിലും 42 പേരെയാണ് നിലവിൽ പൊലീസിനെ തിരിച്ചറിയാനായത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസിൽ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവർ മാത്രമല്ല പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ചവരും കേസിൽ പ്രതികൾ ആകുമെന്ന് പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe