സെപ്റ്റംബർ 19-ഓടെ രാജ്യത്ത് നിന്ന് കാലവർഷം പിൻവാങ്ങിത്തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചന. പടിഞ്ഞാറൻ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് സെപ്റ്റംബർ 19-ഓടെ കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുമെന്നാണ് വിലയിരുത്തൽ. അതേസമയം, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന വിവിധ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി കേരളത്തിൽ നാളെ (സെപ്റ്റംബർ 17) മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ തായ്ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18-ഓടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്തിച്ചേരുകയും തുടർന്ന് 19-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കുകയും ചെയ്യും. ഇത് ഒഡിഷ-ആന്ധ്ര തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ സൗരാഷ്ട്രയ്ക്കും അറബിക്കടലിനും മുകളിലായുള്ള ന്യൂനമർദവും, തെക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയും കേരളത്തിലെ മഴ സാധ്യത വർധിപ്പിക്കുന്നു.
സെപ്റ്റംബർ 16 മുതൽ 20 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടരും. സെപ്റ്റംബർ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, 18, 19 തീയതികളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
