ആടുജീവിതം ഹൃദയത്തിൽ ചേർത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ സിനിമയുടെ പോസ്റ്ററിനൊപ്പമാണ് നന്ദി അറിയിച്ചത്. ആടുജീവിതത്തെയും നടനെയും അഭിനന്ദിച്ച് സിനിമ പ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്.
മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തിയ ആടുജീവിതത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സംവിധായകൻ ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വർഷത്തെ പരിശ്രമ ഫലമാണ് ആടുജീവിതം. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പ് പൃഥ്വിരാജിനും ആടുജീവിതം ടീമിനും ആശംസയുമായി അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും എത്തിയിരുന്നു.തന്റെ മകൻ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പൃഥ്വിരാജിന്റെ ആടുജീവിതം യാത്രയെക്കുറിച്ചായിരുന്നു സുപ്രിയ പറഞ്ഞത്
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ഷൂട്ടിങ് നീണ്ടു പോയി. ചിത്രത്തിന് വേണ്ടി 30 കിലോയോളം ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു.