കീഴരിയൂർ ∙ കീഴരിയൂർ ബോംബു കേസ് സ്മാരക കമ്യൂണിറ്റി ഹാൾ നാളെ രാവിലെ 10 ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിക്കും.ടിപി.രാമകൃഷ്ണൻ എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് ഹാൾ തുറന്നു കൊടുക്കുന്നത്.
2013ൽ എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല അധ്യായമായ കീഴരിയൂർ ബോംബു കേസിന്റെ സ്മരണ നിലനിർത്താൻ കമ്യൂണിറ്റി ഹാൾ പണിയാൻ 20 ലക്ഷം രൂപ അനുവദിച്ചത്. കെട്ടിട നിർമാണം പൂർത്തിയാക്കി 2014 ൽ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം നടന്നു. തുടർന്നു പൊതു പരിപാടികൾക്കായി ഉപയോഗിച്ചു.6 വർഷങ്ങൾക്ക് ശേഷം 2019ൽ ഹാളിന് മുകളിൽ ഓഡിറ്റോറിയം നിർമിക്കാൻ ടി.പി.രാമകൃഷ്ണൻ എംഎൽഎ 55 ലക്ഷം രൂപ അനുവദിച്ചു. ഓഡിറ്റോറിയം നിർമാണം നടന്നു വരുന്നതിനിടയിൽ കെട്ടിടം മ്യൂസിയമാക്കി മാറ്റാൻ 2022ൽ കെ.കെ.നിർമല പ്രസിഡന്റായ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. ഈ തീരുമാനമാണു വിവാദത്തിന് തിരികൊളുത്തിയത്.
തീരുമാനത്തെ ചോദ്യം ചെയ്‌ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇടത്തിൽ ശിവൻ ഓംബുഡ്സ്മാനു പരാതി നൽകി. ഗ്രാമസഭയുടെ അംഗീകാരം ഇല്ലാതെയും ഫണ്ട് അനുവദിച്ച എംപി, എംഎൽഎ എന്നിവരുടെ അനുവാദമില്ലാതെയും നിർമാണ സ്വഭാവം മാറ്റാൻ പാടില്ലെന്നു ഓംബുഡ്സ്മാൻ വിധി ഉണ്ടായി. കമ്യൂണിറ്റി ഹാൾ നിലനിൽക്കുന്ന വാർഡ് ഉൾപ്പെടെയുള്ള 3 വാർഡുകളിലെ ഗ്രാമസഭകൾ ഹാൾ പൊതു പരിപാടികൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
ഓംബുഡ്സ്മാൻ വിധിക്കെതിരെ പഞ്ചായത്ത് ഭരണ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച സ്‌റ്റേ ഹർജിയിൽ പഞ്ചായത്തിന് സ്റ്റേ ലഭിച്ചതുമില്ല. അതേ സമയം ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ മ്യൂസിയം ആക്കി മാറ്റണമെന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനം സർക്കാർ തള്ളുകയും ചെയ്തു. 75 ലക്ഷം രൂപ മുടക്കി നിർമിച്ച കമ്യൂണിറ്റി ഹാൾ അങ്ങനെ അടഞ്ഞു കിടന്നു.