കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ് ഹണിമൂണ്‍ യാത്ര, മൊബൈൽ ഫോണ്‍ വാങ്ങി: ദമ്പതികൾ അറസ്റ്റിൽ

news image
Jul 28, 2023, 7:07 am GMT+0000 payyolionline.in

കൊൽക്കത്ത∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എട്ട‌ു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഫോൺ ഉണ്ടെന്നു കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു വിവരം പൊലീസിൽ അറിയിച്ചത്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്.

ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഒരു മൊബൈൽ ഫോണും വാങ്ങി. ഇവർക്ക് ഒരു മകൾ കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

‘‘കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതെന്നു ഞാൻ അറിഞ്ഞു. പിന്നീട്, കുഞ്ഞിനെ വിറ്റതായി അറിഞ്ഞു. കുഞ്ഞിനെ വിറ്റതിനു ശേഷമാണ് അറിഞ്ഞത്. മകനും ഭാര്യയും ദിഘ, മന്ദർമണി ബീച്ചുകളിലും പോയിരുന്നു. താരാപീഠ് കാളി ക്ഷേത്രവും സന്ദർശിച്ചു’’– ജയദേവിന്റെ പിതാവ് കമായി ചൗധരി പറഞ്ഞു. മകനും മരുമകളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും കമായി ചൗധരി ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.

അതിനിടെ, കുഞ്ഞിനെ വിറ്റതായി ആരോപിച്ച് പ്രിയങ്ക ഘോഷ് എന്ന മറ്റൊരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ ഖർദ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe