കുഞ്ഞിന് സീറ്റ് നല്‍കിയില്ല, കോഴിക്കോട് – ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി ഉംറ തീര്‍ഥാടക

news image
Sep 14, 2023, 3:48 am GMT+0000 payyolionline.in

ജിദ്ദ: കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ രണ്ട് വയസായ കുഞ്ഞിന് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്‍റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസുകാരിക്ക് സീറ്റ് നല്‍കിയില്ല എന്നാണ് പരാതി.

രണ്ട് വയസ് കഴിഞ്ഞത് കൊണ്ട് തന്നെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുകയും, ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, നിശ്ചിത സീറ്റില്‍ കുട്ടിയെ ഇരുത്താന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇരുത്തിയ സീറ്റിൽ നിന്ന് കുട്ടിയെ എടുക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. ബോര്‍ഡിങ് പാസ് കാണിച്ച് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയായതിനാല്‍ മടിയില്‍ ഇരുത്തിയാല്‍ മതിയെന്നാണത്രേ എയര്‍ ഹോസ്റ്റസ് നൽകിയ മറുപടി. കുട്ടിക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും സീറ്റില്‍ ഇരിക്കാന്‍ കുട്ടിക്ക് പ്രയാസമില്ലെന്നും അറിയിച്ചിട്ടും ജീവനക്കാര്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ ഉമ്മ പറഞ്ഞു.

പ്രമുഖ ട്രാവല്‍ ഏജന്‍സി വഴിയുള്ള ഉംറ ഗ്രൂപ്പ് ബുക്കിങ്ങിലായിരുന്നു യാത്ര. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഉള്‍പ്പെടെ കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നു. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിരുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ ഇവർ സ്പൈസ് ജെറ്റിന് പരാതി അയച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും അയച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പരാതി നല്കിയിരിക്കുന്നത്. അര്‍ഹമായ സീറ്റ് ലഭിക്കാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകാൻ യാത്രക്കാര്‍ മുന്നോട്ട് വരണം എന്നാണ് പൊതുപ്രവര്‍ത്തകരും ഈ മേഖലയില്‍ സേവനം ചെയ്യുന്നവരും ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe