സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതിയായ കുടുംബശ്രീ ഇതാ അഭിമാനമാകുന്ന അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകാണ്. ഇപ്പോഴിതാ കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി(സിഡിഎസ്)യുടെ ബൈലോ ഭേദഗതി ചെയ്ത് തദ്ദേശവകുപ്പ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
പുതിയ ഉത്തരവ് പ്രകാരം എല്ലാ കുടുംബങ്ങള്‍ക്കും അയല്‍ക്കൂട്ടം അംഗങ്ങളാകാം എന്നതാണ് ശ്രദ്ധേയം. ഇതില്‍ 40 ശതമാനംവരെ പുരുഷന്മാരെ ഉള്‍പ്പെടുത്താം എന്നത്പുതിയ തുടക്കം തന്നെയാണ്. സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് ഓണറേറിയത്തോടെ ആറുമാസം പ്രസവാവധി അനുവദിക്കാമെന്നും ബൈലോയില്‍ വ്യക്തമാക്കുന്നുണ്ട്.
അംഗങ്ങളില്‍ മാനസികോല്ലാസം ഉറപ്പുവരുത്തുന്നതിനൊപ്പം സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള ഇടമാക്കി കുടുംബശ്രീയെ മാറ്റണമെന്നും വൈജ്ഞാനിക സമ്പദ്ഘടന പ്രോത്സാഹിപ്പിക്കണെന്നും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അവശത അനുഭവിക്കുന്ന ബധിര-മൂകര്‍, അന്ധര്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, എയ്ഡ്സ് ബാധിതര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിക്കാം. തുടര്‍ന്ന് സിഡിഎസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയോ ഒന്നില്‍കൂടുതല്‍ സംഘങ്ങളുണ്ടെങ്കില്‍ പ്രത്യേക എഡിഎസും രൂപീകരിക്കുകയും ചെയ്യാം.
ഇനി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ വായ്പാ കുടിശ്ശികയുള്ളവര്‍ക്കും പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിലേക്ക് മത്സരിക്കാന്‍ കഴിയില്ല.
കുടുംബശ്രീ വിലയിരുത്തല്‍ സമിതിയെ സിഡിഎസ് സംയോജന വികസന സമിതി എന്നു പുനര്‍നാമകരണംചെയ്തു. അയല്‍ക്കൂട്ടം അംഗമല്ലാത്ത 10 മുതല്‍ 20 പേരടങ്ങുന്ന യുവതികൂട്ടായ്മയായ ഓക്സിലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും ബൈലോയില്‍ ഉള്‍പ്പെടുത്തി.
അയല്‍കൂട്ടങ്ങളില്‍ എസ്സി/എസ്ടി, തീരദേശ മേഖലയിലെ കുടുംബങ്ങള്‍ എന്നിവരെ കുടിംബശ്രീയില് ചേര്‍ക്കണം. ഏതെങ്കിലും കാരണവശാല്‍ ഒരു അയല്‍കൂട്ടത്തിന് എഡിഎ-സ് അഫിലിയേഷന് ശുപാര്‍ശയ്ക്ക് വിസമ്മതിച്ചാല്‍ സിഡിഎസ് ഉചിതമായ തീരുമാനം എടുക്കണം.
സിഡിഎസ് വിസമ്മതിച്ചാല്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എഡിഎസ് സംയോജന വികസന സമിതിയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഓഡിറ്റ് സമിതിയും രൂപീകരിക്കണം എന്നും ബൈലോയില്‍ പറയുന്നു.