കുട്ടികളുടെ വ്യക്തിത്വ വൈകല്യങ്ങളുടെ കാരണം മാതാപിതാക്കളോ? – ജെന്‍റിൽ പാരന്‍റിങ്ങിനെക്കുറിച്ച് അറിയാം

news image
Feb 26, 2025, 8:50 am GMT+0000 payyolionline.in

പാരന്‍റിങ് എന്ന പ്രക്രിയ ഒരുകാലത്തും എല്ലാവർക്കും ഒരേ അളവിൽ കുപ്പായം തുന്നാൻ കഴിയുന്നപോലൊരു പരിപാടിയല്ല.ഒരുപാട് സാമാന്യവത്കരണങ്ങൾ (generalisation) സാധ്യമല്ലെങ്കിൽ കൂടി, പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവ് കാര്യങ്ങൾ ചിലതൊക്കെ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തി​നോട്ടം സാധ്യമാണ്. അവിടെയാണ് ജെന്‍റിൽ പാരന്‍റിങ് എന്ന ആശയത്തിന്‍റെ സാധ്യത.

എന്താണ് ജെന്‍റിൽ പാരന്‍റിങ്?

കുഞ്ഞുങ്ങൾക്ക് അവരുടെ മനോവികാരങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാൻ അവസരം കൊടുക്കുകയും അവരോട് അഭിപ്രായങ്ങൾ ചോദിക്കുന്ന രീതി അവലംബിച്ച് അവരുടെ തനത് വ്യക്തിത്വം വളരാൻ അനുവദിക്കുകയും അനുകരണീയ പെരുമാറ്റ മാതൃക കാണിച്ചുകൊടുത്ത് പരസ്പര ബഹുമാനത്തിലൂ​ന്നിയ പെരുമാറ്റരീതി വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് ജെന്‍റിൽ പാരന്‍റിങ്.

കുറ്റപ്പെടുത്താതെ, നാണം കെടുത്താതെ, സ്വാഭിമാനത്തോടെ, രക്ഷിതാവ് നൽകുന്ന സ്വസ്ഥമായ അവസ്ഥയിൽ ജീവിക്കാൻ അനുവദിക്കുന്ന ഒന്നുകൂടിയാണിത്. അതിക്രൂര ശിക്ഷാനടപടികൾ ഈ രീതിയുടെ ഭാഗമേയല്ല.

ഗുണങ്ങൾ

1. സാമൂഹിക ഇടപഴകലുകൾ കുട്ടികൾ ആയാസരഹിതമായി ചെയ്യാനിടയാവുന്നു. കളിയാക്കലോ കുറ്റപ്പെടുത്തലോ കേൾക്കേണ്ടിവരുമോ എന്ന ഭയം തട്ടാത്തതിനാൽ അവർ സ്വാഭാവികമായി പെരുമാറുന്നു.

2. തെറ്റുകൾ വരുത്തുന്നത്, അതിൽനിന്ന് പഠിക്കാനാണെന്ന ധാരണയുള്ളതിനാൽ, അവരിൽ ആധി (Anxiety) വളരെ കുറവായിരിക്കും.

3. തങ്ങളുടെ തീരുമാനങ്ങൾ, ജീവിതത്തെ എങ്ങനെ ബാധിക്കും അല്ലെങ്കിൽ മെച്ചപ്പെടുത്തും എന്ന് പയറ്റി പഠിക്കാൻ അവസരം ലഭിച്ചിട്ടുള്ളതിനാൽ സ്വാതന്ത്ര്യത്തിന് ആനുപാതികമായി ഉത്തരവാദിത്വബോധമുള്ളവരായി അവർ വളർന്നുവരുന്നു.

4. സ്വാഭിമാനവും ആത്മവിശ്വാസവും സ്വത്വബോധവും നല്ലയളവിൽ ഉള്ളതിനാൽ കളിയാക്കലുകളിൽ ഇവർ തകർന്നുപോകില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തങ്ങളുടെ യാഥാർഥ്യത്തെ രൂപവത്കരിക്കില്ല എന്ന തിരിച്ചറിവ് ഇവർക്ക് ഉണ്ടായിരിക്കും.

5. സ്നേഹത്തിലും, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള പാർട്ണർഷിപ്പിലും അധിഷ്ഠിതമായതിനാൽ കുടുംബാംഗങ്ങളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം കൂടുന്നു.

ഓട്ടോക്രാറ്റിക് പാരന്‍റിങ്ങിന്‍റെ ദോഷങ്ങൾ

‘ഞാൻ പറയുന്നതങ്ങ് ചെയ്താൽ മതി’ എന്ന രക്ഷിതാവിന്‍റെ സമീപനരീതി ഗുണകരമല്ല. അല്ലെങ്കിൽ ‘പറയുന്നത് ഞാൻ (രക്ഷിതാവ്) ആയതുകൊണ്ട് അനുസരിച്ചാൽ മാത്രം മതി, അഭിപ്രായവും മറുചോദ്യവും ചർച്ചയും വേണ്ട’ എന്ന നിലപാട് ഒട്ടും ജനാധിപത്യപരമല്ല.

ഇതു കുട്ടികളെ ആത്മവിശ്വാസം കുറഞ്ഞ, ഭയം നിറഞ്ഞ മനസ്സുള്ള, ആളുകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന, തെറ്റുചെയ്യുന്ന, പരിശ്രമിക്കാൻ മടിക്കുന്ന, പെട്ടെന്ന് വശംവദരാകുന്ന കൂട്ടത്തിലേക്ക് തള്ളിവിടുന്നു. ഉദാഹരണത്തിന് ‘മഴപെയ്യും, കുടയെടുത്തിട്ട് പോയാൽ മതി. ഞാനാണ് പറയുന്നത്’ എന്ന ആജ്ഞയുടെ ടോണിലുള്ള വാചകത്തിന് പകരം ‘മഴപെയ്യാൻ സാധ്യതയുണ്ടല്ലോ, കുഞ്ഞ് നനഞ്ഞാലോ? കുടയെടുക്കു​ന്നോ?’ എന്ന നിർദേശം നൽകുക. എന്തു ചെയ്യണമെന്ന തെരഞ്ഞെടുപ്പും തീരുമാനവും അവരുടേതാവട്ടെ.

ആ തീരുമാനത്തിന്‍റെ നല്ലതും ചീത്തയുമായ സ്വാഭാവിക പരിണിതഫലങ്ങളിൽനിന്ന് പിന്നീട് സമാന സാഹചര്യങ്ങളിൽ എത്തരത്തിലാണ് പെരുമാറേണ്ടതെന്ന് അവർ ഉൾക്കൊള്ളും.

എളുപ്പമല്ല, ഗുണമേറെ

നമ്മൾ ഇതുവരെ പാലിച്ചുവന്ന രീതിയനുസരിച്ച് ജെന്‍റിൽ പാരന്‍റിങ് ഒട്ടും എളുപ്പമല്ല. എങ്കിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ മറ്റു പാരന്‍റിങ് രീതികൾക്കുള്ളതിനാൽ, ഈ രീതി അവലംബിക്കുന്നത് ഒരു പരിധി വരെ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും സൗഖ്യത്തിനും സന്തോഷത്തിനും ഗുണം ചെയ്യും. കൂടാതെ രക്ഷിതാക്കളുടെ സഹിഷ്ണുത ഏ​റെ വർധിക്കുകയും ചെയ്യുന്നു.

സ്കൂളിൽ പോകുമ്പോൾ ഷൂ ഇടണോ വേണ്ടയോ എന്ന തർക്കം നടക്കുമ്പോൾ, സ്കൂൾ ബസ് പോകുന്ന ശബ്ദം കൂടി കേട്ടു കഴിയുമ്പോൾ, ഇതെല്ലാം മറന്ന് ഉള്ളിലെ അഗ്നിപർവതം പൊട്ടി ലാവയാകുന്ന ദേഷ്യം പുറത്തേക്ക് വമിക്കുന്നു. ഇവിടെ ഇരുകൂട്ടരും വൈകാരികമായി തകർക്കത്തിലേർപ്പെടുകയാണ്.

ക്ഷമാപൂർവമുള്ള സമീപനവും ചില കാര്യങ്ങൾ പഠിച്ചെടുക്കാൻ പലതവണ അവസരങ്ങൾ കൊടുക്കേണ്ടിവരുകയും ചെയ്തേക്കാം. ഇതെല്ലാം ഭാവിയിൽ ഗുണകരമായിത്തന്നെ ഭവിക്കും.

ഒഴിവാക്കേണ്ട കടുംപിടിത്തങ്ങൾ

1. രക്ഷിതാക്കൾക്ക് പാരന്‍റിങ്ങിനെപ്പറ്റി എല്ലാം അറിയാം എന്ന ധാരണയും അതിനാൽ കുട്ടിയുടെ ഒരു ദിവസം, രക്ഷിതാവിന്‍റെ രീതികൾക്ക് അനുസരിച്ച് തീരുമാനിക്കപ്പെടുകയും ചെയ്യുക.

2. എല്ലാ നിയന്ത്രണവും തീരുമാനവും (control +decision) രക്ഷിതാക്കളുടേത് മാത്രമാണ്. കുട്ടികൾ തീരുമാനമെടുക്കാൻ അർഹരല്ല.

3. തെറ്റുകളോ മോശം പെരുമാറ്റമോ സാഹചര്യമെന്തെന്ന് പരിഗണിക്കാതെ ശിക്ഷാ വിധികൾകൊണ്ട് തീർപ്പാക്കുന്ന രീതി.

4. നല്ല പെരുമാറ്റത്തെ, നേട്ടങ്ങളെ ഭൗതികമായി പരിപോഷിപ്പിക്കുക. മിഠായി, വേണ്ട സാധനങ്ങൾ, സമ്മാനങ്ങൾ, പുറത്തുപോയി ഭക്ഷണം കഴിക്കൽ തുടങ്ങിയവ മാത്രം ഉപയോഗിക്കുക. നല്ല വാക്ക് പറയാൻ മറക്കുക.

5. മാതാപിതാക്കൾക്ക് താൽപര്യമുള്ള കാര്യങ്ങൾ ചെയ്താൽ മാത്രം പ്രശംസിക്കുക.

6. രക്ഷിതാക്കൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്താൽ അവരെ പാടെ അവഗണിക്കുക (silent treatment). കണ്ടില്ലെന്ന് നടിക്കുംവിധം പെരുമാറുക, ഒച്ചയെടുത്ത് അമർഷം കാണിക്കുക, ശാരീരികമായി വേദനിപ്പിക്കുംവിധം ഉപദ്രവിക്കുക, തള്ളിപ്പറയുക, കുറ്റബോധം ജനിപ്പിക്കുന്ന വാക്കുകൾ പറയുക. അങ്ങനെ അവരെ സമ്മർദത്തിലാക്കുക.

ചിട്ടയിലും അച്ചടക്കത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ അവർക്ക് മാനസിക വൈകല്യങ്ങളും വ്യക്തിത്വ വൈകല്യങ്ങളും രൂപപ്പെടാൻ സാധ്യത ഏറെയാണ്. ടോക്സിക് പാരന്‍റിങ്ങിന് പകരം പരസ്പര സഹകരണത്തിലൂടെയുള്ള കൂട്ടുകെട്ടാണ് വേണ്ടതെന്ന തിരിച്ചറിവ് മാറിയ കാലത്തിന്‍റെ അനിവാര്യതയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe