കുളുവില്‍ മണ്ണിടിച്ചില്‍; നിരവധി വീടുകള്‍ തകര്‍ന്നു

news image
Aug 24, 2023, 10:04 am GMT+0000 payyolionline.in

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് മണ്ണിടിച്ചിലുണ്ടായത് . നിരവധി വീടുകള്‍ തകര്‍ന്നു. കനത്തമഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരണം 13 ആയി. രണ്ട് സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍  ഒരു മരണമുണ്ടായി. 400ലധികം റോഡുകള്‍ തടസപ്പെടുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷിംല ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്‌. ഷിംല, സിര്‍മൗര്‍, കംഗ്ര, ചമ്പ, മാണ്ഡി, ഹമീര്‍പൂര്‍, സോളന്‍, ബിലാസ്പൂര്‍, കുളു എന്നീ ഒമ്പത് ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കി. ഷിംല, മാണ്ഡി, സോളന്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച്ച മുതല്‍ രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ കുളുമാണ്ഡി റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കുളു ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി. പാണ്ടോ വഴിയുള്ള ബദല്‍ പാതയും തകര്‍ന്നു.  സംസ്ഥാനത്ത് ആകെ 709 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പല വീടുകളിലും വിള്ളലുണ്ടായതിനാല്‍ മുന്‍കരുതലായി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഈ മാസം മാത്രം ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ 120 പേര്‍ മരിച്ചു. ജൂണ്‍ 24 ന് സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം മൊത്തം 238 പേര്‍ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പിന്‍ദാര്‍ നദിയുടെയും  കൈവഴിയായ പ്രണ്‍മതിയുടെയും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.  ഇതിന്  തീരത്തുള്ള സ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe