ഗാസ: വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ ബന്ദികളെ വിട്ടയയ്ക്കുമെന്നും ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ്. വിദേശബന്ദികളെ വിട്ടയയ്ക്കുന്ന കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസിന്റെ സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ പറഞ്ഞു. ഗാസ, ഇസ്രയേല്‍ സൈനികര്‍ക്കും രാഷ്ട്രീയ, സൈനിക നേതൃത്വത്തിനും ഗാസ ശവപ്പറമ്പും ചതുപ്പുകെണിയുമായി മാറും ഒബൈദ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിനും അവസാനമാകും. ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന വടക്കന്‍ ഗാസയില്‍ ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ പറഞ്ഞു. ഇസ്രയേലിന്റെ നിരവധി ടാങ്കുകള്‍ തകര്‍ത്തു. ഇസ്രയേല്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നല്‍കുന്നത്. അതിര്‍ത്തിമേഖലകളില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഒബൈദ അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയില്‍ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.
വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര് മരിച്ചുവെന്നാണ് ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതിനിടെ വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഒട്ടേറെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാംപിലാണ് സ്ഫോടനമുണ്ടായത്. സംഘര്‍ഷ മേഖലയിലെ ചട്ടങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ സൈന്യമാണ് അഭയാര്‍ഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒട്ടേറെപ്പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.