കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ആർഎംപി ; നാദാപുരവും കുന്നംകുളവും ചോദിച്ചെന്ന് കെ കെ രമ

news image
Mar 14, 2026, 11:59 am GMT+0000 payyolionline.in

കോഴിക്കോട്: യുഡിഎഫിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആർഎംപി നേതാവ് കെ കെ രമ എംഎൽഎ  പറഞ്ഞു. വടകരയ്‌ക്കൊപ്പം നാദാപുരം, കുന്നംകുളം മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ ഭാഗമല്ലാത്തതുകൊണ്ട് പ്രത്യേക ഡിമാന്റ് വെക്കാൻ സാധിക്കില്ലെന്നും എങ്കിലും വിഷയം സംസാരിച്ചിട്ടുണ്ട്. അവർ തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും രമ വ്യക്തമാക്കി.

വടകരയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവിടെ ഇത്തവണയും യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർത്ഥി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ കെ രമ പറഞ്ഞു.

കെ സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് നേതാക്കളാണ് അഭിപ്രായം പറയേണ്ടത്. വിഷയം യുഡിഎഫ് പരിഹരിക്കുന്നതാണ് നല്ലത്. എന്നാൽ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നേതാക്കൾ അഭിപ്രായ ഐക്യത്തോടെ പോകുന്നതാണ് ഏറ്റവും അഭികാമ്യമെന്നും കെ കെ രമ വ്യക്തമാക്കി.

അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരനുമായി ആശയവിനിമയം നടത്തുമെന്നും യഥാർത്ഥ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുമെന്നും രമ പറഞ്ഞു. ആറ് പതിറ്റാണ്ടുകാലം ഒരു പാർട്ടിക്കായി ധീരമായി പ്രവർത്തിച്ച, അനുജന്റെ രക്തസാക്ഷിത്വം വരെയുള്ള ത്യാഗങ്ങൾ സഹിച്ച ആളാണ് ജി സുധാകരൻ. അദ്ദേഹം ഇപ്പോൾ പാർട്ടിക്ക് പുറത്തേക്ക് പോകുന്നുവെന്നതിനർത്ഥം അവിടെ സത്യസന്ധമായി പ്രവർത്തിക്കുന്നവരുടെ വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നുവെന്നാണ്. ഇത് ഇവിടം കൊണ്ട് അവസാനിക്കില്ല. അധികാരത്തിന്റെ മത്തുപിടിച്ച അവസ്ഥയാണ് സിപിഐഎമ്മിനകത്ത്. അവിടെ സാധാരണക്കാരുടെ ശബ്ദം നഷ്ടപ്പെട്ടുവെന്നും രമ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe