കൂട്ടുപുഴ ചെക്പോസ്റ്റിൽ എംഡിഎംഎ പിടികൂടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ജാസിം ബാദുഷ, അറസ്റ്റിലായവരുടെ എണ്ണം ആറായി

news image
Oct 16, 2026, 5:27 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റ് വഴി 192 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എംഡിഎംഎ ഓർഡർ ചെയ്ത പെരിന്തൽമണ്ണ സ്വദേശി ജാസിം ബാദുഷയാണ് ഇരിട്ടി പൊലീസിൻ്റെ പിടിയിലായത്. കുപ്രസിദ്ധ ലഹരി കച്ചവടക്കാരി റോഷ്നി സാവിയോ ഉൾപ്പെടെ ആറ് പേരാണ് ഈ കേസിൽ ഇതുവരെ കുടുങ്ങിയത്. ഇരിട്ടി സിഐ കെ വി ഉമേഷും സംഘവും പാലക്കാടും മലപ്പുറത്തുമായി നടത്തിയ പരിശോധനക്കൊടുവിലാണ് ജാസിം ബാദുഷയെ പിടികൂടാനായത്. 27കാരനായ ജാസിമാണ് ചില്ലറ വിൽപ്പനക്കായി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ ഓർഡർ ചെയ്തത്. ഈ മാസം ആറാം തീയതിയാണ് 192 ഗ്രാം എംഡിഎംഎയുമായി വന്ന പിക്കപ്പ് വാൻ കൂട്ടുപുഴ ചെക്പോസ്റ്റിൽ പിടികൂടുന്നത്. പിക്കപ്പിൽ ഉണ്ടായിരുന്ന ഉളിക്കൽ സ്വദേശി മുബഷീറിനിയും റഹീമിനെയും അന്ന് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുള്ള റോഷ്നി സാവിയോയുടേയും ഭർത്താവ് സാവിയോ മാത്യുവിൻ്റെയും പങ്ക് പൊലീസിന് വ്യക്തമായത്.

വടകര സ്വദേശിയായ റോഷ്നി സാവിയോയും ഭർത്താവുമാണ് ലഹരി മരുന്ന് ജാസിമിനായി ബെംഗളൂരുവിൽ നിന്ന് അയച്ചുകൊടുത്തത്. സിക്കിമിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് പേരെയും തൃശ്ശൂരിൽ നിന്ന് ഇരിട്ടി സിഐയും സംഘവും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് ജാസിം ബാദുഷക്ക് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe