കെ.എം.ഷാജിയിൽനിന്നു പിടിച്ചെടുത്ത തുക തിരിച്ചുനൽകണം: ഹൈക്കോടതി

news image
Oct 11, 2023, 2:33 am GMT+0000 payyolionline.in

കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ വീട്ടിൽ നിന്നു വിജിലൻസ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ നൽകാൻ ഹൈക്കോടതി നിർദേശം നൽകി. അനധികൃത സ്വത്താണെന്ന് ആരോപിച്ച് വീട്ടിൽ നിന്ന് വിജിലൻസ്  പിടിച്ചെടുത്ത തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഷാജി നൽകിയ ഹർജിയിലാണു ജസ്റ്റിസ് സിയാസ് റഹ്മാൻ ഉത്തരവിട്ടത്.

ഈ ആവശ്യം ഉന്നയിച്ചു നൽകിയ ഹർജി കോഴിക്കോട് വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ തുക പിടിച്ചുവയ്‌ക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കെ.എം. ഷാജിയുടെ വീട്ടിൽ നിന്നാണു പണം കണ്ടെടുത്തതെന്നും ഈ തുകയിൽ ആരും അവകാശവാദം ഉന്നയിച്ചില്ലെന്നതും ഹൈക്കോടതി പരിഗണിച്ചു. കൂടാതെ, തുക പിടിച്ചെടുത്തതിനു ശേഷമാണ് വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടുള്ളതെങ്കിലും നികുതി നൽകി ഈ തുക ഹർജിക്കാരന്റെ വരുമാന നികുതി റിട്ടേണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ഹൈക്കോടതി കണക്കിലെടുത്തു.

വിട്ടുകൊടുത്ത തുകയ്ക്ക് ദേശസാൽകൃത ബാങ്കിന്റെ ഗാരന്റി കെട്ടിവയ്ക്കണം. കൂടാതെ സമാന തുകയ്ക്കുള്ള ബോണ്ടും ഇതേ തുകയ്ക്കു രണ്ടുപേരുടെ ഉറപ്പും നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണു കോടതി പണം തിരികെ നൽകാൻ നിർദേശിച്ചത്. കേസ് തീർപ്പാക്കുന്നതു വരെ ബാങ്ക് ഗാരന്റിയുടെ സാധുത പ്രത്യേക കോടതി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാക്കുമ്പോൾ ബാങ്ക് ഗാരന്റിയുടെ വിനിയോഗം സംബന്ധിച്ച് ഉചിതമായ ഉത്തരവ് പ്രത്യേക ജഡ്ജിക്കു പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തുകയുടെ സ്രോതസ്സിനെക്കുറിച്ചു ഹർജിക്കാരന്റെ വിശദീകരണങ്ങളിൽ കോടതിയുടെ നിരീക്ഷണങ്ങൾ ഈ കേസുമായി ബന്ധപ്പെട്ടു മാത്രമാണ്. ഹർജിക്കാരന്റെ വാദങ്ങൾ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുക്കാതെ പ്രത്യേക ജഡ്ജി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ 2021 ഏപ്രിലിലാണ് ഷാജിക്കെതിരെ കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe