തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ. താൻ കെ സുധാകരന് പണം നൽകിയിട്ടില്ലെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മോൻസൻ മാവുങ്കൽ ആവർത്തിച്ചു.
അതിനിടെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിൽക്കാമെന്ന് കെ.സുധാകരൻ ഇന്ന് പറഞ്ഞു. കെ സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം.
നേരത്തെ ആരോഗ്യപ്രശ്നം കാരണം സുധാകരൻ മാറണമെന്ന ആവശ്യം ഉയർത്തിയ എ- ഐ ഗ്രൂപ്പ് നേതാക്കളും നിലവിൽ മാറ്റം വേണ്ടെന്ന നിലപാടെടുത്തു. സ്ഥാനമൊഴിഞ്ഞാൽ അത് സിപിഎമ്മിന് രാഷ്ട്രീയ നേട്ടമാകുമെന്നാണ് കോൺഗ്രസ്സിലെ പൊതു വിലയിരുത്തൽ. അകമഴിഞ്ഞു പിന്തുണക്കുമ്പോഴും കേസിന്റെ ഭാവിയിൽ ചില നേതാക്കൾക്ക് ആശങ്കയുണ്ട്. ഡിജിറ്റിൽ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിൻറെ വിശദീകരണം അടക്കം വെല്ലുവിളിയാണ്.
ഇപി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചന്നെ കേസിൽ കുറ്റുവിമുക്തനാക്കണമെന്ന് ആശ്യപ്പെട്ടുള്ള സുധാകരൻറെ ഹർജിയിൽ ഈ മാസം 27ന് ഹൈക്കോടതി വാദം കേൾക്കുന്നുണ്ട്. സുധാകരനും സതീശനുമെതിരായ കേസുകളെ പ്രതിരോധിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ അഴിമതി ആരോപണങ്ങൾ കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. കേസുകളിൽ വരിഞ്ഞുമുറുക്കാൻ സർക്കാരും പ്രതിരോധിക്കാൻ പ്രതിപക്ഷവും ശ്രമിക്കുമ്പോൾ തുടർ രാഷ്ട്രീയനീക്കങ്ങൾ നിർണ്ണായകമാവുകയാണ്.