കെഎസ് യു-പൊലീസ് സംഘർഷം, നിരവധിപ്പേർക്ക് പരിക്ക്, അറസ്റ്റ്; നാളെ  വിദ്യഭ്യാസ ബന്ദിന് ആഹ്വാനം

news image
Nov 6, 2023, 9:24 am GMT+0000 payyolionline.in

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. ലാത്തി ചാർജിൽ വനിതാ പ്രവ‍‍ർ‍ത്തക‍ര്‍ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാർ, പ്രതുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. ചിത്തരഞ്ചൻ എംഎൽഎയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോൽ പ്രവർത്തകർ നശിപ്പിച്ചു. കെഎസ് യു നെടുമങ്ങാട് ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോഴാണ് വാഹനം തടഞ്ഞ് താക്കോൽ ഊരി വാങ്ങിയത്. പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe