കെഎസ്ആര്‍ടിസി ബിഎംഎസ് പണിമുടക്ക് ഇന്ന് രാത്രി12 മുതല്‍; പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി

news image
May 7, 2023, 7:56 am GMT+0000 payyolionline.in

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും.കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്.

അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാളിയതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്.എന്നാല്‍ സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സര്‍വീസിനെ ബാധിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ലെന്നും സ്ഥാപനത്തെ നാശത്തിലേക്ക്  തള്ളിവിട്ട കേന്ദ്രത്തിന്‍റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിഎംഎസിന് പുറമെ സിഐടിയുവും ഐഎന്‍ടിയുസിയും ഇന്നലെ സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe