തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എം.എം ഹസ്സൻ. കേന്ദ്ര നേതൃത്വത്തിന് ഹസൻ പരാതി അയച്ചു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ടെന്ന് ഹസൻ പറഞ്ഞു. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പുനസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന കോൺഗ്രസിൽ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവൻ എം പി ഇന്നലെ വിമർശിച്ചത്. പുനസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നാണ് ബെന്നി ബഹനാൻ ഇന്ന് പ്രതികരിച്ചത്. നേതൃത്വത്തെ ഇനി കാണില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേര്‍ത്തു.
സമവായത്തിലൂടെ പുനസംഘടനയെന്ന നിര്‍ദ്ദേശം നടപ്പായില്ല. ഓരോരുത്തരെ അടര്‍ത്തിയെടുത്ത് ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി മുന്നറിയിപ്പ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയുടെ മനസറിയാതെയാണ് പുനസംഘടന നടന്നതെന്നും കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്‍ക്ക് എതിരാണ് പുനസംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.