കേരള ടെക്‌നോളജി എക്‌സ്‌പോ ഫെബ്രുവരി 29 ന് കോഴിക്കോട് സംഘടിപ്പിക്കുന്നു

news image
Feb 19, 2024, 10:17 am GMT+0000 payyolionline.in

കോഴിക്കോട്: കേരളത്തിലെ സാങ്കേതികവിദ്യാ രംഗത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ് 2024) കോഴിക്കോട് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോഴിക്കോട് മിനി ബൈപ്പാസിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ആന്റ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി. കാലിക്കറ്റ് ഇനൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

 

 

 

കോഴിക്കോട് സംഘടിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു സാങ്കേതിക വിദ്യാ സമ്മേളനമാണ് കെടിഎക്‌സ് 2024. മലബാര്‍ മേഖലയിലെ വളര്‍ന്നുവരുന്ന സാങ്കേതിക വ്യവസായത്തിന് ഊന്നല്‍ നല്‍കി കേരളത്തിലെ ചലനാത്മകമായ ഇനൊവേഷന്‍ ഇക്കോസിസ്റ്റത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള – മധ്യേഷ്യ- ഇന്ത്യന്‍ സാങ്കേതിക വിദ്യാ പരിതസ്ഥിതികളെ പരസ്പരം ബന്ധിപ്പിക്കാന്‍ കെടിഎക്‌സ് 2024ന് സാധിക്കും.

സാങ്കേതിക വിദ്യയുടെയും ഇനൊവേഷനുകളുടെയും ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു സംഗമവേദിയാകും കെടിഎക്‌സ് 2024. സാങ്കേതിക വിദ്യാ രംഗത്ത് ആഗോള നേതൃനിരയിലുള്ളരും വ്യത്യസ്ത വ്യവസായിക മേഖലയില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. 200-ല്‍ പരം സ്റ്റാളുകളുള്ള എക്‌സിബിഷനും കെടിഎക്‌സ് 2024 നോട് അനുബന്ധിച്ച് നടക്കും. 100-ല്‍ പരം പ്രഭാഷകരും, 5000 ല്‍ ഏറെ പ്രതിനിധികളും പങ്കെടുക്കും.

മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ്, കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക് കോഴിക്കോട് (യുഎല്‍സിസി), ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവരടങ്ങുന്ന സൊസൈറ്റിയാണ് കാലിക്കറ്റ് ഇനൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe