തിരുവനന്തപുരം: ഈ വർഷത്തെ പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചുവെന്നും കേരള ടോഡി എന്ന പേരിൽ കള്ള് ബ്രാൻഡ് ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ –എക്സെെസ് മന്ത്രി എം ബി രാജേഷ് . ബാർ ലൈസൻസ് ഫീസ വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഇതിൽ 5 ലക്ഷം രൂപ കൂടി വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടും. കള്ളു ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ നക്ഷത്ര പദവി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ മദ്യനയം പ്രാബല്യത്തില് വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിർപ്പുമായി രംഗത്തു വന്നിരുന്നു.
കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ നയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. ബിവറേജസ് കോർപ്പറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിപ്പിക്കും, അതിനായുള്ള നടപടി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളിൽ റെസ്റ്റോറന്റുകളിൽ ബിയർ വൈൻ വിൽക്കാൻ ടൂറിസം സീസണിൽ പ്രത്യേക ലൈസൻസ് നൽകുമെന്നും പൂട്ടിക്കിടക്കുന്ന ചില്ലറ വിൽപ്പനശാലകൾ തുറക്കാനും ക്ലാസ്സിഫിക്കേഷൻ പുതുക്കൽ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.
ത്രീ സ്റ്റാർ മുതൽ റിസോർട്ടുകൾ വരെ വളപ്പിലെ തെങ്ങ് ചെത്താം, അത് ചെത്തി അതിഥികൾക്ക് നൽകാനും അനുവാദം നൽകുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് അനുമതിയുള്ളത് 559 വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾക്കാണ്. എന്നാൽ ഇതിൽത്തന്നെ തുറന്നുപ്രവർത്തിക്കുന്നത് 309 ഷോപ്പുകൾ ആണ്, ബാക്കിയുള്ളവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.