തിരുവനന്തപുരം: കേരള പൊലീസിന്‍റെ ലോഗോ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം. ‘ഇ- ചെല്ലാൻ ഫൈൻ അടയ്ക്കുക, ഓണ്‍ലൈനായി പിഴ അടയ്‌ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക’… എന്നിങ്ങനെ വാഹന്‍ പരിവാഹന്‍റെ പേരില്‍ ഒരു വാട്‌സ്ആപ്പ് സന്ദേശം പലര്‍ക്കും ലഭിച്ചുകാണും. എന്നാല്‍ പണം തട്ടുക ലക്ഷ്യമിട്ടുള്ള ഒരു സൈബര്‍ തട്ടിപ്പാണ് ഇതെന്നും, കേരള പൊലീസ് അയക്കുന്ന സന്ദേശമല്ല ഇതെന്നും മനസിലാക്കുക. ഈ വന്‍ തട്ടിപ്പിനെ കുറിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള പൊലീസിന്‍റെ മുന്നറിയിപ്പ്
കേരള പൊലീസിന്‍റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകമാണ്. ഇ- ചെല്ലാൻ ഫൈൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്‍റെ ഔദ്യോഗിക ലോഗോ ഡിസ്പ്ലേ പിക്‌ചർ ആയിട്ടുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് മെസേജ് വരുന്നതോടെ തട്ടിപ്പ് തുടങ്ങുന്നു. വരുന്ന മെസേജിനൊപ്പം ഫൈൻ അടയ്‌ക്കാനൊരു ലിങ്കും ഉണ്ടാകും. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പ്ലേസ്റ്റോറിലേക്ക് പോവുകയും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ അക്കൗണ്ടിൽ നിന്ന് പണവും മറ്റു വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് പൊതുജനം ജാഗരൂകരായിരിക്കണം- എന്നുമാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാവുന്നതാണ് എന്നും കേരള പൊലീസ് മീഡിയ സെന്‍റര്‍ അറിയിച്ചു.