കേരളത്തിന്റെ കയറിന്‌ ഡിസൈൻ ഒരുക്കാൻ എൻഐഡി; ധാരണാപത്രം ഒപ്പിട്ടുവെന്ന്‌ മന്ത്രി പി രാജീവ്‌

news image
Jan 5, 2024, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം > കേരളത്തിന്റെ കയർ/ടെക്‌സ്റ്റൈൽ പെരുമയ്‌ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കയർ മേഖലയിൽ ഏറ്റവും ആകർഷകമായ ഉല്‍പ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ ഡിസൈനുകൾ ഒരുക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പിട്ടുവെന്ന്‌ മന്ത്രി പി രാജീവ്‌ അറിയിച്ചു.

ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബിലും മെറ്റ്ഗാല പോലുള്ള ആഗോള ഫാഷൻ ഇവന്റുകളിലും വൈറ്റ് ഹൗസ്, ബക്കിങ്ങ് ഹാം പാലസ് പോലുള്ള സുപ്രധാന കേന്ദ്രങ്ങളിലും കേരളത്തിന്റെ കയർ ഉൽപ്പന്നങ്ങൾ എത്തിയിട്ടുണ്ട്‌. ധാരണാപത്രത്തിന്‍റെ ഭാഗമായി കയര്‍ രംഗത്ത് ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടു വരുന്നതിനും, പുതിയ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും, കയറും മറ്റ് അനുബന്ധ വസ്‌തുക്കളുമായി ചേര്‍ത്തുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ആവശ്യമായ സാങ്കേതികമായുള്ള  എല്ലാ സഹായവും നാഷണല്‍ ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഭോപ്പാലില്‍ നിന്നും ലഭ്യമാകും.  ഇത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് വലിയ സഹായകരമാകും.   അതോടൊപ്പം കയര്‍ കോര്‍പ്പറേഷന്‍ നടത്തി വരുന്ന ട്രെയ്നിംഗ് പ്രോഗ്രാമിന്‍റെ കരിക്കുലവുമായി ബന്ധപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ക്കും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സഹകരണങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടാകും.

ധാരണാപത്രത്തിന്‍റെ ഭാഗമായി എന്‍.ഐ.ഡി ഭോപ്പാലില്‍ നിന്നും രണ്ട് ഇന്‍റേണ്‍സിനെ മുഴുവന്‍ സമയവും കയര്‍ കോര്‍പ്പറേഷനില്‍ ലഭ്യമാക്കും.  ഇവര്‍ ഡിസൈനുമായും പുതിയ പ്രൊഡക്‌ടുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്കും അതുപോലെതന്നെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കും ആവശ്യമായ സഹായം നല്‍കുന്നതിന് ഈ സംവിധാനം പ്രയോജനകരമാകും.
കയര്‍ രംഗത്ത് നൂതനമായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, കയര്‍ അനുബന്ധ വസ്‌തുക്കള്‍ ചേര്‍ത്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രം സഹായകരമാകും.  ഇതുവഴി കയര്‍ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാന്‍ സാധിക്കും – രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe