കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ; കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

news image
Apr 25, 2023, 10:43 am GMT+0000 payyolionline.in

തിരുവനന്തപുരം> കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ ഇനി കൊച്ചിക്ക് സ്വന്തം. കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നേരന്ദ്രമോദി നിര്‍വഹിച്ചു. കേരളം പോലെ അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനത്ത് മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂവെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് വാട്ടര്‍മെട്രോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോ സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്നും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

 

കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 11136.83 കോടിയാണ്. സംസ്ഥാന സര്‍ക്കാരിന് പുറമേ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്നുള്ള വായ്പയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനിലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്.

38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോക്കായി ഒരുക്കിയിട്ടുണ്ട്. ഇവയെ ബന്ധിപ്പിക്കുന്ന 78 വാട്ടര്‍ മെട്രോ ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. തുച്ഛമായ നിരക്കില്‍ സുരക്ഷിതമായ യാത്രയാണ് വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഏറെ ഫലപ്രദമാകുംവിധം ബോട്ടുകള്‍ ശീതീകരിച്ചിട്ടുണ്ടാകും. ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ഇത് ജലസ്രോതസിനെ മലിനമാക്കില്ല. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകള്‍, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. നാളെയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe