കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിൻഡ്രം ആണെന്നും ഹൈക്കോടതി പറഞ്ഞു. ‘ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ അധ്യാപകർ പീഡിപ്പിച്ചു. ഞങ്ങൾ അധ്യാപകർ ആകുമ്പോൾ വിദ്യാർത്ഥികളെ പീഡിപ്പിക്കും’ ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കൽ പിജി വിദ്യാർത്ഥികളോട് ഉൾപ്പടെ മനുഷ്യത്വ രഹിതമായ സമീപനമാണ്. കോളേജുകൾ വിദ്യാർത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. മെഡിക്കൽ കോളജുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല. ഇക്കാര്യം ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണം
ഇന്റേണൽ മാർക്കിന്റെ പേരിൽ ഉൾപ്പടെ ക്രൂരപീഡനം നടത്തുന്നു. ഇതേക്കുറിച്ച് രഹസ്യ സ്വഭാവത്തിൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കണം. വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ തേടണം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വാദം കേൾക്കും.
