കൊച്ചി : തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി മടക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ വെള്ളി വൈകിട്ടോടെയാണ് ഹർജി എത്തിയത്. ചീഫ് ജസ്റ്റിസ് അനുവദിച്ചിട്ടുള്ള പരിഗണനാവിഷയങ്ങളിൽ ഈ ഹർജിയിലെ വിഷയം ഉൾപ്പെടുന്നില്ലെന്നും അതിനാൽ കേസ് കേൾക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പരിഗണനാവിഷയങ്ങൾക്കുപുറത്തുള്ള കേസുകൾ കേൾക്കാൻ ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അനുമതി വേണം. അതിനാൽ ഈ ഹർജി കേൾക്കുന്നത് ശരിയല്ലെന്നും രജിസ്ട്രിയെ സമീപിച്ച് ഉചിതമായ ബെഞ്ചിനെ സമീപിക്കാനും കോടതി പറഞ്ഞു. വിഷയത്തിന്റെ അടിയന്തരാവസ്ഥ രജിസ്‌ട്രിയെ ബോധ്യപ്പെടുത്താനും നിർദേശിച്ചു. ഹർജി തിങ്കളാഴ്‌ച പരിഗണിച്ചേക്കും.