കൈക്കൂലി കേസിൽ ഇഡി കൂടുതൽ കുരുക്കിലേക്ക്. കേസുകൾ ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെട്ടന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാറിനെ വിജിലൻസ് ചോദ്യം ചെയ്യും.
ഇ ഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വൻ തട്ടിപ്പ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പണമിടപാടിലും അഴിമതിയിലും കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. കേസ് ഒതുക്കിതീർക്കാൻ പണം ആവശ്യപ്പെട്ടന്ന പരാതിയുമായി നിരവധി പേർ വിജിലൻസിനെ സമീപിക്കുന്നുണ്ട്. ലക്ഷങ്ങളാണ് പലരോടും ആവശ്യപ്പെട്ടത്. ഇത് വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് എസ്പി ശശിധരൻ പറഞ്ഞു.
പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം ഒന്നാം പ്രതിയായ ഇഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖര്‍ കുമാറിനെതിരെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിൽ ഇയാളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാൻ ഇടപെട്ടിരുന്ന ആളാണ് ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നാണ് വിജിലൻസ് നിഗമനം. ഇയാൾക്ക് ശേഖർ കുമാർ അടക്കമുള്ള ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണെന്നും വിജിലൻസ് സംശയിക്കുന്നു.
രഞ്ജിത്തിൻ്റെ ഓഫീസിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കും. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പുറത്തു വന്നേക്കും.