കൊച്ചി∙ കൊച്ചി കോർപറേഷനിലെ ബജറ്റ് അവതരണം യുഡിഎഫ് അലങ്കോലപ്പെടുത്തി. നിയമപ്രകാരം ധനകാര്യ സ്ഥിരസമിതി തയാറാക്കാത്ത ബജറ്റ് ഡപ്യൂട്ടി മേയർക്ക് അവതരിപ്പിക്കാൻ കഴിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോർപറേഷൻ സെക്രട്ടറി വി. ചെൽസാസിനിയാണു ബജറ്റ് എസ്റ്റിമേറ്റ് മേശപ്പുറത്തു വച്ചത്. തുടർന്ന് ബജറ്റ് പ്രസംഗം നടത്താനെത്തിയ ഡപ്യൂട്ടി മേയർ കെ.എ. അൻസിയയെ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞു. എൽഡിഎഫ് കൗൺസിലർമാർ ഡപ്യൂട്ടി മേയർക്കു വലയം തീർത്തു. ഇതോടെ ഉന്തും തള്ളും ചീത്തവിളിയുമായി.
ബജറ്റ് പ്രസംഗ പുസ്തകം യുഡിഎഫ് കൗൺസിലർമാർ പലതവണ തട്ടിത്തെറിപ്പിച്ചു. കീറിയെറിഞ്ഞു. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണമാണ് ഇന്നു കൗൺസിൽ യോഗത്തിൽ നടന്നതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. നിയമപ്രകാരം ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെ ഭരണസമിതി പരാജയപ്പെട്ടെന്നും മേയറും ഡപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
സ്ഥിരസമിതി ചെയർമാൻ സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലി എൽഡിഎഫിലെ സിപിഎം– സിപിഐ തർക്കത്തെ തുടർന്നാണു സിപിഐ കൗൺസിലർ കൂടിയായ ഡപ്യൂട്ടി മേയർ ധനകാര്യ സ്ഥിര സമിതി വിളിച്ചു ചേർത്തു ബജറ്റ് തയാറാക്കാതിരുന്നത്.