കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി; കുതിച്ചുയരും പാലക്കാട്‌, കഞ്ചിക്കോട്‌ ഭൂമി ഏറ്റെടുത്തു

news image
Aug 14, 2023, 4:15 am GMT+0000 payyolionline.in
പാലക്കാട്‌ : കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാലക്കാട്‌ ജില്ലയുടെ മുഖം മാറും. കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ ഇന്റഗ്രേറ്റഡ്‌ മാനുഫാക്‌ച്ചറിങ്‌ ക്ലസ്‌റ്റർ (ഐഎംസി) 10,000 കോടിയുടെ നിക്ഷേപവും പതിനായിരത്തോളം തൊഴിലും കൊണ്ടുവരും. വ്യവസായ പാർക്കുകളിൽ ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്‌, ഐടി, പരമ്പരാഗത ഉൽപ്പന്നങ്ങൾ എന്നിവയുടെ യൂണിറ്റുകൾ, ലോജിസ്‌റ്റിക്‌ പാർക്കുകൾ, സംഭരണ കേന്ദ്രങ്ങൾ, ശീതീകരണ സംഭരണശാലകൾ എന്നിവയുണ്ടാകും. തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച്‌ പാലക്കാടിന്റെ വികസനത്തിനും വേഗതയേറും.
കഞ്ചിക്കോട്‌ 1774.5 ഏക്കർ ഭൂമി
കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ ആവശ്യമായ 1774.5 ഏക്കർ ഭൂമിയിൽ 1223.8 ഏക്കർ ഏറ്റെടുത്തു. 1131 ഭൂവുടമകളിൽ 783 പേർക്ക്‌ 1323.59 കോടി രൂപ നഷ്‌ടപരിഹാരം നൽകി.  ഇനി 500 കോടി നൽകാനുണ്ട്‌. കൊച്ചി അയ്യമ്പുഴയിൽ 850 കോടി ചെലവിൽ 358 ഏക്കർ ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും. ചെന്നൈ – ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കേരളത്തിലേക്ക്‌ ദീർഘിപ്പിച്ചാണ്‌ 3,600 കോടിയുടെ കൊച്ചി –  ബംഗളൂരു വ്യവസായ ഇടനാഴി നടപ്പാക്കുന്നത്‌. ആകെ 2,185 ഏക്കർ ഭൂമി ഏറ്റെടുക്കും. നഷ്‌ടപരിഹാരത്തിന്‌ 2,608 കോടി രൂപ കിഫ്‌ബി നീക്കിവച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ 50 ശതമാനം ഓഹരിയുള്ള പദ്ധതിയിൽ കേരളം സൗജന്യമായി ഭൂമി നൽകും. കേന്ദ്രം വ്യവസായ പാർക്ക്‌ ഒരുക്കും. ഇതിനുള്ള കേന്ദ്ര മന്ത്രിസഭാ അംഗീകാരം ഉടനുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‌ മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണിത്‌.പുതുശേരി, കണ്ണമ്പ്ര ഗ്രാമങ്ങൾ ടൗൺഷിപ്പാകും

കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ പുതുശേരി 1, 2, 3 വില്ലേജുകളിലും കണ്ണമ്പ്ര വില്ലേജിലുമാണ്‌ വ്യവസായ പാർക്കുകൾ തുടങ്ങുക. പുതുശേരി ഒന്ന്‌ വില്ലേജിൽ 600 ഏക്കർ, രണ്ടിൽ 558 ഏക്കർ, മൂന്നിൽ 375 ഏക്കർ, കണ്ണമ്പ്രയിൽ 311.23 ഏക്കർ ഭൂമിയാണ്‌ വരിക. വ്യവസായികളെ ആകർഷിക്കുന്നത്‌ കേരള വ്യവസായ ഇടനാഴി വികസന കോർപറേഷനാണ്‌ (കെഐസിഡിസി). ദേശീയ വ്യവസായ ഇടനാഴി വികസന കോർപറേഷനും (എൻഐസിഡിസി) കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷനും (കിൻഫ്ര) ചേർന്നുള്ള കമ്പനിയാണ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe