ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിക്ക് ഇന്നുചേർന്ന മന്ത്രിസഭായോഗം ഭരണാനുമതി നൽകി. 3716.10 കോടി രൂപയുടെ ബൃഹത്ത് പദ്ധതിക്ക് ആണ് അംഗീകാരം നൽകിയത്. ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി വിദേശ രാജ്യങ്ങളിലേതുപോലെ കരയിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായിത്തന്നെ ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരം നമുക്കുണ്ടാകും. ഇങ്ങനെ ഗതാഗതയോഗ്യമാക്കുന്നതിനും ഒപ്പം തന്നെ കൊച്ചി നഗരത്തിലെ നിരന്തരമുണ്ടാകാറുള്ള വെള്ളപ്പൊക്കത്തിനൊരു പരിഹാരം കാണാനും സാധിക്കും. ഇടപ്പള്ളി കനാൽ, തേവര പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി നദി എന്നീ 6 കനാലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയെ കുറിച്ച് വ്യവസായ മന്ത്രി പി രാജീവ് ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
കൊച്ചി നഗരത്തിലെ ആറ് കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ ചിന്തിച്ചിട്ടുണ്ടോ.? ഇത്തരമൊരു ആശയം നടപ്പിലായാൽ വിദേശ രാജ്യങ്ങളിലേതുപോലെ കരയിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായിത്തന്നെ ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരം നമുക്കുണ്ടാകും. ഇങ്ങനെ ഗതാഗതയോഗ്യമാക്കുന്നതിനും ഒപ്പം തന്നെ കൊച്ചി നഗരത്തിലെ നിരന്തരമുണ്ടാകാറുള്ള വെള്ളപ്പൊക്കത്തിനൊരു പരിഹാരം കാണുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം. 3716.10 കോടി രൂപയുടെ ഈ ബൃഹത്ത് പദ്ധതിക്ക് ഇന്നുചേർന്ന മന്ത്രിസഭായോഗം ഭരണാനുമതി നൽകിയിരിക്കുകയാണ്.
ഇടപ്പള്ളി കനാൽ, തേവര പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി നദി എന്നീ 6 കനാലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ മംഗളവനം പക്ഷിസങ്കേതത്തിലൂടെ കടന്നുപോകുന്ന ഉപകനാലിൻ്റെ 600 മീറ്റർ കൂടി ശുചീകരണത്തിനായി ഏറ്റെടുക്കും. അഴുക്കുചാൽ ശൃംഖലയ്ക്കും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾക്കും സാനിറ്റേഷൻ സൗകര്യങ്ങൾക്കും ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കെഎംആർഎൽ തുടർന്നുകൊണ്ടും സീവറേജ് ഘടകങ്ങളുടെ നിർവഹണ ഏജൻസിയായി കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും കിഫ്ബി, എൻ.സി.ആർ.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.