കൊടി തോരണങ്ങള്‍ കെട്ടണോ? ഉടമസ്ഥർ സമ്മതിച്ചാല്‍ മാത്രം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം

news image
Nov 25, 2025, 10:02 am GMT+0000 payyolionline.in

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകള്‍ കെട്ടാനോ പരസ്യം ഒട്ടിക്കാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ ഉപയോഗിക്കരുതെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ വളപ്പ്, പരിസരം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ചുവരെഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് എന്നിവര്‍ സ്ഥാപിക്കാനോ പാടില്ല.

പൊതു ഇടങ്ങളില്‍ സ്ഥാപിച്ചവ കലക്ടര്‍മാരുടെ നോട്ടീസ് ലഭിച്ചിട്ടും നീക്കിയില്ലെങ്കില്‍ നീക്കം ചെയ്യാനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കും. നിയമങ്ങളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്കു അനുമതി വാങ്ങണം. സ്ഥാനാര്‍ഥിക്കോ വോട്ടര്‍ക്കോ അവര്‍ക്കു താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണി പാടില്ല. വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കാനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe