കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ പിതാവും മകളും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുന്നു. കോൺഗ്രസ് പ്രാദേശികനേതാവായ കെ. അബ്ദുൽ അസീസ് നഗരസഭയിലെ പ്രാവിൽ 20-ാം ഡിവിഷനിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മകൾ ഐഷ ഷഹനിത ചുണ്ടപ്പുറം 15-ാം ഡിവിഷനിൽനിന്നാണ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ പ്രാവിൽ ഡിവിഷനിൽനിന്ന് മത്സരിച്ച് ജയിച്ച ഐഷ ഷഹനിത നിലവിൽ കൊടുവള്ളി നഗരസഭാ കൗൺസിലറാണ്. അബ്ദുൽ അസീസ് നേരത്തേ ആറങ്ങോട് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല.
അബ്ദുൽ അസീസ് നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയും, ഐഷ ഷഹനിത യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമാണ്. മുൻ ഡിവിഷൻ കൗൺസിലറായിരുന്ന എം.പി. ഷംസുദ്ദീനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഐഷ ഷഹനിത മത്സരിക്കുന്ന ചുണ്ടപ്പുറം ഡിവിഷനിൽ കഴിഞ്ഞതവണ വിജയിച്ചത് ഫൈസൽ കാരാട്ടായിരുന്നു. മുസ്‌ലിംലീഗിന്റെ കുത്തകസീറ്റായിരുന്ന ചുണ്ടപ്പുറം ഫൈസൽ കാരാട്ട് പിടിച്ചെടുക്കുകയായിരുന്നു.
മുസ്‌ലിംലീഗിന്റെ കരുത്തനായ കെ.കെ.എ. ഖാദറിനെയായിരുന്നു ഫൈസൽ കാരാട്ട് തോൽപ്പിച്ചത്. എന്നാൽ, ഇത്തവണ ചുണ്ടപ്പുറം സീറ്റ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഷ ഷഹനിതയെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ റസിയാ ഇബ്രാഹിമാണ് ഐഷ ഷഹനിതയുടെ എതിരാളി.
ജില്ലാപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും റസിയ ഇബ്രാഹിം മത്സരിച്ച് ജയിച്ചിട്ടുണ്ട്. നേരത്തേ യുഡിഎഫ് പക്ഷത്തായിരുന്ന റസിയ ഇബ്രാഹിം പിന്നീട് എൽഡിഎഫ് പക്ഷത്തേക്ക് മാറുകയായിരുന്നു.
