കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ എം എസ് എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ കൈവിലങ്ങ് വെച്ച സംഭവത്തിൽ എംഎസ്എഫ് മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും ഇന്ന് പരാതി നൽകും. കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരാനാണ് എം എസ് എഫിന്റെ തീരുമാനം.
മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ അടുത്ത മാസം മൂന്നു മുതൽ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഡി ഡി ഇ ഓഫീസുകൾ അനിശ്ചിത കാലത്തേക്ക് ഉപരോധിച്ചു സമരം കടുപ്പിക്കാൻ ആണ് തീരുമാനം. അതേസമയം, വിഷയത്തിൽ പ്രതിഷേധവുമായി മുസ്ലിംലീഗും രംഗത്തെത്തിയിരുന്നു.
എംഎസ്എഫ് വിദ്യാർത്ഥികളെ കൈവിലങ്ങു വെച്ച സംഭവത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർത്ഥികളെ കൈ വിലങ്ങ് വെച്ചത് നിയമ വിരുദ്ധമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈ വിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതിയുടെ കൃത്യമായ നിർദേശം ഉണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങൾ. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെക്കുകയായിരുന്നു.
ഇതിനെതിരെ മുസ്ലിം ലീഗ് നേതാക്ക രംഗത്തെത്തിയിരിക്കുകയാണ്. ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പൊലീസിന്റേത് ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.