കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും. ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ച് സർവീസ് റോഡിൽ നിന്നും ബൈക്കിന് സൈഡ് നൽകിയില്ല എന്ന് പറഞ്ഞ് ബസിലെ തൊഴിലാളികളെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതിൽ പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് പണിമുടക്ക്.
ഈ സംഭവത്തിൽ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങാനിരിക്കെയാണ് സമര പ്രഖ്യാപനം.
അതേസമയം പ്രതികളെ അറസ്റ്റ് ചെയ്താൽ സമരം പിൻവലിക്കുമെന്നും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുവാൻ താത്പര്യമില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കി. നാളെ രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് സമരം. ഇതിനിടയിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചാൽ സമരം പിൻവലിയ്ക്കാൻ യോഗത്തിൽ തീരുമാനമായി.