കോട്ടയം: എഴുത്തുകാരി കെ.ആര്. മീരക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബി.എൻ.എസ് 352, 353,196 ഐ.ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ഇമെയിലായാണ് പരാതി നൽകിയത്. പരാതിയെക്കുറിച്ച് സ്റ്റേഷനിൽ വിളിച്ച് അന്വേഷിക്കുന്ന വിഡിയോയും രാഹുൽ പങ്കുവെച്ചു.
സംസ്ഥാന പുരുഷ കമീഷന് ബില്ല് ഈ ആഴ്ച നിയമസഭയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ സ്വകാര്യ ബില്ലായി അവതരിപ്പിക്കുമെന്ന് കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ ഈശ്വര്‍ വ്യക്തമാക്കി.
ഷാരോണ്‍ എന്ന ഒരു പുരുഷന് ഗ്രീഷ്മ എന്ന പെണ്‍കുട്ടിയെ വിഷം കൊടുത്ത് കൊന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ അവസരത്തില്‍ താൻ ഷാരോണിനെ ന്യായീകരിച്ച് സംസാരിച്ചിരുന്നെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുമായിരുന്നില്ലേയെന്നും അതേ മര്യാദ തിരിച്ചും വേണ്ടേയെന്നും രാഹുൽ ചോദിച്ചു.
ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് മീര നടത്തിയ വിവാദ പ്രസ്താവനയാണ് പരാതിക്ക് ആധാരം.