കൊല്ലം കലക്ടറേറ്റ്​ ബോംബ് സ്​​ഫോടനക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, നാലാം പ്രതി കുറ്റവിമുക്തൻ

news image
Nov 4, 2024, 6:07 am GMT+0000 payyolionline.in

കൊല്ലം> കലക്ടറേറ്റ് വളപ്പിൽ തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകർ നടത്തിയ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതി കിൽമാര തെരുവിൽ ഷംസുദീനെ (29, കരുവ) വെറുതെ വിട്ടു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി നാളെ.

മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കരിംഷാ മസ്ജിദിനു സമീപം ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് കുറ്റക്കാർ. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി.  44–-ാം സാക്ഷിയായി ഇയാളെ വിസ്‌തരിച്ചു.

2016 ജൂൺ 15നാണ് കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ്‌ സ്‌ഫോടനം നടന്നത്‌. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌  ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. മുനിസിഫ്‌ കോടതിക്കു സമീപം പകൽ 10.45ന്‌ ആയിരുന്നു ബോംബ്‌ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിയത്‌. പ്രതികൾക്കെതിരെ യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തത്‌.

മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു. സംഭവത്തിന്‌ ഒരാഴ്ചമുമ്പ് കരിംരാജ കൊല്ലത്തെത്തിയിരുന്നു. പിടിയിലായ ശേഷം ആന്ധ്രയിലെ കടപ്പ ജയിലിലായിരുന്ന പ്രതികളെ പിന്നീട്‌ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്‌ മാറ്റുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe