കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇനി ഗുരുവായൂര്‍ കേശവന്‍കുട്ടിയെ കാണാം. പിഷാരികാവ് ക്ഷേത്ര കാവില്‍ വെച്ച് അകാലത്തില്‍ ചരിഞ്ഞ കളഭ കേസരി ഗുരുവായൂര്‍ കേശവന് കുട്ടിയുടെ സ്മരണാര്‍ത്ഥം കേശവന്‍കുട്ടിയുടെ പൂര്‍ണകായ പ്രതിമ ഒരുക്കിയിരിക്കുകയാണ്.

കാരുണ്യ പ്രവര്‍ത്തകനായ നന്തിയിലെ ബാലന് അമ്പാടിയാണ് പ്രതിമ നിര്‍മിച്ച് പിഷാരികാവിലമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. തൃക്കാര്‍ത്തിക ദിനമായ ഇന്ന് വൈകീട്ട് നാലിന് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ബാലന് അമ്പാടി പ്രതിമയുടെ സമര്‍പ്പണം നടത്തും.
പ്രമുഖ ശില്‍പ്പി ലിനീഷ് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തില്‍, എട്ടോളം കലാകാരന്മാര് 24 ദിവസങ്ങള്‍ കൊണ്ടാണ് ഗജ വീരന്റെ പ്രതിമ തീര്‍ത്തത്. നേരത്തെ പിഷാരികാവ് ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങള്‍ ക്ഷേത്ര കിഴക്കേ നടയിലെ ആല്‍ത്തറയില്‍ നിര്‍മിക്കാന്‍ നേതൃത്വം നല്കിയതും ബാലന് അമ്പാടിയാണ്.
