ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ കോഴിക്കോട് വടകര സ്വദേശിനിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുള്ളതായി പൊലീസ് സംശയം. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍ അസ്മിന (44) ആണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇയാൾ പുലർച്ചെ മുറിയിൽനിന്ന് പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.അതിനിടെ, രാത്രി മറ്റൊരാൾ കൂടി മുറിയിൽ പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയില്‍ ചെറിയ മുറിവുണ്ട്.
ബുധനാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞും ജോബി പുറത്തേക്ക് വരാത്തതിനാൽ ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.