തൃശൂര്‍: തൃശൂർ കോടന്നൂരിൽ മനു എന്ന യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളും പിടിയിലായി. മണികണ്ഠന്, ആഷിഖ്, പ്രണവ് എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല. ഇന്ന് പുലർച്ച ഒരു മണിയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂർ പെട്രോൾ പമ്പിനു സമീപം നടുറോഡില്‍ തലക്കടിയേറ്റ് മരിച്ചത്.
മണികണ്ഠൻ, പ്രണവ്, ആഷിഖ് എന്നീ മൂന്നു പേർ ചേർന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ശിവപുരം കോളനിയിലെ കുടുംബ തർക്കം പരിഹരിക്കാൻ മനു ഇടപ്പെട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭങ്ങളുടെ തുടക്കം.
ശിവപുരം കോളനിയിൽ നെല്ലാത്ത് വീട്ടിലെ തർക്കം പരിഹരിക്കാൻ ജിഷ്ണു എന്നയാൾ മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു മണികണ്ഠനും സുഹൃത്തുക്കളും. തർക്കം പരിഹരിക്കാൻ എത്തിയവർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയതോടെ പരിസരവാസികളായ മനുവും കൂട്ടുകാരും ഇടപെട്ടു. അടി പൊട്ടിയതോടെ മനുവിന്റെ നെറ്റി മുറിഞ്ഞു. സുഹൃത്തിനെയും കൂട്ടി ബൈക്കുമെടുത്ത് 11.30 ഓടെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
തിരിച്ചു വരും വഴി ബൈക്ക് കൂട്ടുകാരനെ ഏൽപ്പിക്കാനായി കോടന്നൂരെത്തി. ഈ സമയം അവിടെ കാത്തുനിന്ന മണികണ്ഠൻ, അനുജൻ പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവർ ചേർന്ന് ഹോക്കി സ്റ്റിക്ക് കൊണ്ട് ആക്രമിച്ചു. അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികൾ മുങ്ങി. സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും മനു മരിച്ചിരുന്നു.