തലശേരി > സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് 28ന് ചൊക്ലിയിൽ കോടിയേരി സ്‌മൃതി ഏകദിന സെമിനാർ സംഘടിപ്പിക്കും. ചൊക്ലി യുപി സ്‌കൂളിൽ രാവിലെ 10ന് ബംഗാളിൽ നിന്നുള്ള വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകയും ആക്‌ടിവിസ്‌റ്റുമായ സെയ്‌റ ഷാ ഹലീം സെമിനാർ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400പേർ ഇതിനകം സെമിനാറിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 700 പേർക്കാണ് പങ്കെടുക്കാൻ അവസരം. 25വരെ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. സെമിനാർ ദിവസം രാവിലെ 9.30 ന് നേരിട്ടെത്തിയും രജിസ്‌ട്രഷൻ നടത്താം.
കോടിയേരി ലൈബ്രറി പ്രസിദ്ധീകരിച്ച ‘കോടിയേരി @ 69′ ഓർമ്മപ്പുസ്തകം സെമിനാറിനോടനുബന്ധിച്ച് പകൽ 11മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പ്രകാശിപ്പിക്കും. 69ാം വയസിൽ അന്തരിച്ച കോടിയേരിയെ 69 പ്രമുഖർ ഓർമ്മപ്പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. സീതാറാം യെച്ചൂരി, പിണറായി വിജയൻ, എ കെ ആന്റണി, എം വി ഗോവിന്ദൻ, കാനം രാജേന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാൽ, ടി പത്മനാഭൻ, എം മുകുന്ദൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ ഓർമ്മക്കുറിപ്പുകളാണ് ഗ്രന്ഥത്തിലുള്ളത്. 1000 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശനത്തോടനുബന്ധിച്ച് 600 രൂപക്ക് ലഭിക്കും.
11.30ന് ‘മാറുന്ന കാലത്തെ മാധ്യമ പ്രവർത്തനം’ എന്ന വിഷയം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശശികുമാർ അവതരിപ്പിക്കും. രണ്ട് മണിക്ക് ‘കേരളത്തിന്റെ വർത്തമാനം’ എന്ന വിഷയം എം സ്വരാജും 3.30 ന് ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയം ജോൺ ബ്രിട്ടാസ് എം പിയും അവതരിപ്പിക്കും. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമനകലാസാഹിത്യസംഘം പാനൂർ മേഖലകമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കവിയൂർ രാജഗോപാലൻ, ജനറൽ കൺവീനർ കെ പി വിജയൻ, ഭാരവാഹികളായ ഡോ. എ പി ശ്രീധരൻ, ഒ അജിത്ത് കുമാർ, ടി ടി കെ ശശി, സിറോഷ് ലാൽ ദാമോദരൻ,സോഫിയ ടീച്ചർ, ടിപി ഷിജു എന്നിവർ പങ്കെടുത്തു.